സൗദിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

അബഹ സന്ദര്‍ശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വാഹനം ബീശയില്‍ വെച്ച് അപകടത്തില്‍ പെട്ട് മറിയുകയായിരുന്നു

സൗദിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: ദക്ഷിണ സൗദിയിലെ ബീഷയില്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് പൂവാട്ടുപറമ്പ് മാങ്കുടി മുഹമ്മദ് ശാഫി (30) മരിച്ചു. പെരുന്നാള്‍ ഒഴിവിന് അബഹ സന്ദര്‍ശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ വാഹനം ബീശയില്‍ വെച്ച് അപകടത്തില്‍ പെട്ട് മറിയുകയും തലയ്ക്ക് ഗുരുതര പരുക്കേറ്റ ശാഫിയെ ബീശ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ട് വര്‍ഷമായി റിയാദില്‍ മള്‍ട്ടി ബ്രാന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ശാഫി രണ്ട് വര്‍ഷം മുമ്പാണ് നാട്ടിന്‍ പോയി വന്നത്.

അവിവാഹിതനാണ്. മാങ്കുടി അബൂബക്കര്‍ പൂവന്‍ പറമ്പ് ആയിശ ദമ്പതികളുടെ ഏക പുത്രനാണ്. സഹോദരങ്ങള്‍: നുസ്റത്ത് മൂഴിക്കല്‍, ഫൗസിയ റിയാദ്, റാബിയ, സമീറ. സഹോദരി ഭര്‍ത്താക്കന്മാര്‍: സഹീര്‍ മൂഴിക്കല്‍, അബ്ദുല്‍ റഷീദ് (റിയാദ്), ഇബ്രാഹിം റിയാദ്, ഇല്യാസ് (ദമ്മാം). റിയദിലുള്ള സഹോദരി ഫൗസിയയും സഹോദരി ഭര്‍ത്താക്കന്മാരായ അബ്ദുല്‍ റഷീദും ഇബ്രാഹിമും ബന്ധു സിറാജ് നെല്ലാങ്കണ്ടിയും ബീശയില്‍ എത്തിയിട്ടുണ്ട്.

മൃതദേഹം ബീശയില്‍ ഖബറടക്കാനുള്ള നടപടികള്‍ നടന്ന് വരുന്നു. പേപ്പര്‍ വര്‍ക്കുമായി ജിദ്ദ കെ.എം.സി.സി സോഷ്യല്‍ വെല്‍ഫെയര്‍ മെമ്പര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബിഷ കെ എം സി സി പ്രസിഡന്റ് ഹംസ ഉമ്മര്‍ താനാണ്ടി, ജാഷി കൊണ്ടോട്ടി, സത്താര്‍ കുന്നപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.

Malayalee youth who was injured in a car accident in Saudi Arabia died

COMMENTS

Wordpress (1)
Disqus (0 )