ഖത്തറിൽ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയുടെ പുതിയ സംരംഭം

പ്രവാസികൾക്കായി പുതു സേവന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചാണ് ഇന്ത്യൻ എംബസി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്

ഖത്തറിൽ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയുടെ പുതിയ സംരംഭം

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതു സേവന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചാണ് ഇന്ത്യൻ എംബസി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സ്ഥാനപതി ഡോ.ദീപക് മിത്തൽ പുതു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

എംബസിയുടെ വിവിധ സേവനങ്ങൾ പ്രവാസികളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ആപ്പ്, പ്രവാസി ഇന്ത്യക്കാർക്ക് ആവശ്യമായ വിവരങ്ങൾ പ്രദാനം ചെയ്യാനും വേണ്ട പിന്തുണ ഉറപ്പാക്കാനുമായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം, ദോഹയിലെ ദീർഘകാല പ്രവാസി ഇന്ത്യക്കാരെ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ബ്രിഡ്ജിങ് ജനറേഷൻസ് തുടങ്ങിയ പുതു സംരംഭങ്ങൾക്കു തുടക്കമിട്ടു.

കൂടാതെ കുറഞ്ഞ വരുമാനക്കാരായ 75 ഇന്ത്യൻ തൊഴിലാളികൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇൻഷുറൻസ് അംഗത്വം സൗജന്യമായി നൽകി. സ്ഥാനപതി ഡോ.ദീപക് മിത്തലും ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാനും ചേർന്നാണ് സൗജന്യ അംഗത്വം വിതരണം ചെയ്തത്.

ഇന്ത്യ ഇൻ ഖത്തർ (India in Qatar) മൊബൈൽ ആപ്പിലൂടെ ദോഹയിലെ പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ തൊഴിൽ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം. ആരോഗ്യപ്രവർത്തകർക്ക് കോൺസുലർ സേവനങ്ങൾക്കായുള്ള അപോയ്‌മെന്റ് സൗകര്യം ഉൾപ്പെടെ വിവിധ കോൺസുലർ ഇ-സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. നിലവിൽ ആപ്പിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡിലും ഉടൻ സേവനം ലഭ്യമാക്കും. അടുത്തമാസം ആദ്യവാരമേ കൂടുതൽ സേവനങ്ങളുമായി ആപ്പ് പൂർണതോതിൽ പ്രവർത്തനസജ്ജമാകൂ.

ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ വിവരങ്ങളും പിന്തുണയും പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര(പിബിഎസ്‌കെ)ത്തിനും സ്ഥാനപതി ഡോ.ദീപക് മിത്തൽ തുടക്കമിട്ടു. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും കേന്ദ്രം പ്രവർത്തിക്കും. 4495 3500 എന്ന നമ്പറിൽ കേന്ദ്രത്തിന്റെ സേവനം തേടാം. നിലവിൽ ഹിന്ദി, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള സേവനങ്ങളാണ് ലഭിക്കുക. ഒക്‌ടോബർ രണ്ടിന് ലൈവ് ചാറ്റ്, വാട്സാപ് ഫീച്ചറുകൾക്കു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷാ സേവനങ്ങളും ആരംഭിക്കും. PBSKQatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ തേടാം.

‌ഖത്തറിലെ ദീർഘകാല പ്രവാസി ഇന്ത്യക്കാരെ ആദരിക്കാനും സുദൃഢബന്ധം നിലനിർത്താനും ലക്ഷ്യമിട്ടാണഉ ബ്രിഡ്ജിങ് ജനറേഷൻസിനു തുടക്കമിട്ടത്. ദോഹയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ദീർഘകാല പ്രവാസികളുമായ ഡോ.മോഹൻ തോമസ്, നീലാങ്ഷുഡെ, ഹസൻ ചൗഗ്ലെ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Indian Embassy launches new initiative for expatriates in Qatar

COMMENTS

Wordpress (0)
Disqus (0 )