ക്വാറന്‍റീനിൽ ഇന്ത്യക്കാരോട് വിവേചനം; മാൾട്ടയിൽ ഇന്ത്യൻ അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു

നാട്ടിൽ അവധിക്കു പോയി തിരിച്ചു വരുന്ന പ്രവാസികളോട് മാൾട്ട അധികൃതർ 14 ദിവസത്തേക്ക് ഈടാക്കുന്നത് 1,25,000 രൂപ

ക്വാറന്‍റീനിൽ ഇന്ത്യക്കാരോട് വിവേചനം; മാൾട്ടയിൽ ഇന്ത്യൻ അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു

മാൾട്ടയിൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇന്ത്യക്കാരോട് മാത്രമുള്ള വിവേചനത്തിനെതിരെ യുവധാര മാൾട്ട ഇന്ത്യൻ അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു. ഇന്ത്യ മറ്റു മുപ്പതോളം രാജ്യങ്ങളെപ്പോലെ ഡാർക്ക് റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യമാണ്. ഈ രാജ്യങ്ങളിൽപ്പെട്ടവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ആണ് സർക്കാർ നിർദേശത്തിൽ ഉള്ളത്.

എന്നാൽ മാൾട്ടയിൽ നിന്നും രണ്ടു വാക്സീൻ എടുത്ത് നാട്ടിൽ അവധിക്കു പോയി തിരിച്ചു വരുന്ന പ്രവാസികളോട് അധികൃതർ 14 ദിവസത്തേക്ക് 1400 യൂറോ (125000 രൂപ) എന്ന ഭീമൻ സംഖ്യ നിർബന്ധപൂർവ്വം ഈടാക്കി സർക്കാർ മുൻ നിശ്ചയിച്ച ആഡംബര ഹോട്ടലിൽ പാർപ്പിക്കുന്നു. കൂടാതെ ഭീമൻ തുക നൽകി അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും വേണം. ഭക്ഷണത്തിന് തുക നൽകാത്തവർക്ക് അടിസ്ഥാന ആവശ്യമായ ഭക്ഷണം നൽകുന്നില്ലെന്നുമാണ് പരാതി.

മുൻപ് 150 യൂറോ മാത്രം ചെലവാകുന്ന ഫ്ലാറ്റുകളിൽ ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്റീനിൽ ഇരിക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ മറ്റ് ഡാർക്ക് റെഡ്-സോൺ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് ഈ നിബന്ധന നിർബന്ധം ആക്കുന്നില്ല. ആയതിനാൽ തന്നെ അവർക്ക് ശരാശരി 150 യൂറോ മാത്രം ചെലവാക്കി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കുവാൻ സാധിക്കുന്നു.

മാൾട്ട ഗവൺമെന്റ് ഇന്ത്യക്കാരിൽ വാങ്ങുന്നതിന്റെ 10 ശതമാനം മാത്രമാണ് ബാക്കിയുള്ള ഇതേ വിഭാഗത്തിൽപ്പെട്ട രാജ്യത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ചിലവാകുന്നത്. മാൾട്ടയിലെ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഭൂരിഭാഗം മലയാളികളുടെ ഒരു മാസത്തെ ശമ്പളത്തിനും മുകളിലാണ് ഗവൺമെന്റ് 14 ദിവസം ക്വാറന്റീനു വേണ്ടി പിടിച്ചു വാങ്ങുന്നത്.

മാൾട്ടാ അധികൃതരുടെ വിവേചനപരമായ ഈ തീരുമാനത്തിൽ നിന്ന് മാറുവാൻ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും മാൾട്ട ഗവൺമെന്റിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവണം. അതിനു വേണ്ടിയാണ് യുവധാര മാൾട്ടയുടെ പ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ എത്തി നേരിട്ട് പരാതി കൈമാറിയത്. എംബസിയുടെ ഭാഗത്തു നിന്ന് അനുഭാവ പൂർണ്ണമായ നടപടി ഉണ്ടാകുമെന്ന ഉറപ്പും ലഭിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.

Malta Yuvadhara submits petition to Indian Ambassador against discrimination against Indians on quarantine terms

COMMENTS

Wordpress (0)
Disqus (0 )