ഖത്തറിൽ വാഹനാപകടം; മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു
ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്
ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകിട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷന്റെ മകൻ ജയറാമും (44) തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. മസ്കറ്റിൽ നിന്ന് 500 കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. സുലോചനയാണ് ജയറാമിന്റെ മാതാവ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ.
പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ് സീസണിന്റെ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക് യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Malayalee school student died in a car accident in Qatar