Doha to India | വിമാന സർവീസുകളുടെ എണ്ണം കൂടുന്നു; പുതിയ സർവീസുകൾ ഇങ്ങനെ

Doha to India | നിലവിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനസർവീസ് തുടരുന്നത്

Doha to India | വിമാന സർവീസുകളുടെ എണ്ണം കൂടുന്നു; പുതിയ സർവീസുകൾ ഇങ്ങനെ

Doha to India | ദോഹയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയും നിലവിലെ സർവീസുകളുടെ എണ്ണം കൂട്ടിയും രാജ്യാന്തര വിമാന സർവീസുകൾ ശക്തിപ്പെടുത്തി ഇന്ത്യൻ വിമാന കമ്പനികളും.

ജൂലൈ പകുതി മുതൽ സന്ദർശക, ഓൺ അറൈവൽ വീസകൾ ഖത്തർ പുനരാരംഭിച്ചതോടെയാണ് ഈ മാസം മുതൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന കമ്പനികൾ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനസർവീസ് തുടരുന്നത്.

ഖത്തർ എയർവേയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് എയർ ബബിൾ പ്രകാരം ഇതുവരെ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്. മധ്യവേനൽ അവധി കൂടിയായതിനാൽ വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. അവധി കഴിഞ്ഞ് ഈ മാസം അവസാനത്തോടെയാണു ദോഹയിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നതെന്നതിനാൽ ഓഗസ്റ്റ് മധ്യത്തോടെ കേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാ തിരക്കേറും.

വിവിധ വിമാന കമ്പനികളുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഈ മാസം ഒരാൾക്ക് ഇക്കോണമി ക്ലാസിൽ കണ്ണൂർ-ദോഹ 24,000-36,000 രൂപ, കോഴിക്കോട്-ദോഹ 33,700-36,000 രൂപ, ദോഹ-കൊച്ചി-25,000-38,500 രൂപ, തിരുവനന്തപുരം-ദോഹ 25,000-35,000രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കണക്​ഷൻ വിമാനങ്ങൾക്ക് ഇനിയും നിരക്ക് കൂടും. ചില ദിവസങ്ങളിൽ മാത്രമാണ് നിരക്കിൽ നേരിയ കുറവുള്ളത്.

അതേസമയം ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ബജറ്റ് എയർലൈനുകളിൽ ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 9,000-15,000 രൂപയേയുള്ളു. അവധി ആഘോഷിക്കാൻ കേരളത്തിലേക്കു പോയ ശരാശരി പ്രവാസി കുടുംബങ്ങൾ മടങ്ങിയെത്തുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കു തന്നെയാണെന്നതിൽ സംശയമില്ല. ഖത്തറിൽ നിന്ന് കോവിഡ് വാക്‌സീൻ എടുത്ത നാലംഗ കുടുംബം ദോഹയിൽ മടങ്ങിയെത്തുമ്പോൾ രണ്ടു ദിവസം ഹോട്ടൽ ക്വാറന്റീൻ ഇന്നു മുതൽ നിർബന്ധമാണ്.

കൊച്ചിയിൽ നിന്നാണെങ്കിൽ നാലു പേർക്ക് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് മാത്രം 1,30,000-1,35,000 ഇന്ത്യൻ രൂപയാകും. ഈ മാസം രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിരക്ക് നാലംഗ കുടുംബത്തിന് ഏകദേശം 60,000-64,000 ഇന്ത്യൻ രൂപയാകും. ഭക്ഷണം, താമസം, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഉൾപ്പെടെയാണ് ക്വാറന്റീൻ പാക്കേജ്.

ടിക്കറ്റും ക്വാറന്റീനും മാത്രം ഏകദേശം രണ്ടു ലക്ഷം രൂപയോളം ചെലവാകും. വാക്‌സിനെടുക്കാത്ത ഖത്തർ പ്രവാസികളാണെങ്കിൽ ക്വാറന്റീൻ പത്തു ദിവസമാണ്. അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് പത്ത് ദിവസത്തെ ക്വാറന്റീൻ മാത്രം മൂന്നു ലക്ഷം രൂപയ്ക്കടുത്തു വരും. ടിക്കറ്റ് നിരക്ക് കൂടിയാകുമ്പോൾ ദോഹ യാത്രയ്ക്ക് അഞ്ചു ലക്ഷം രൂപയ്ക്കടുത്തു ചെലവു വരും.

പുതിയ സർവീസുകൾ

എയർ ഇന്ത്യ ഇന്നലെ മുതൽ ഇന്ത്യ-ദോഹ റൂട്ടിൽ നേരിട്ടുള്ള കൂടുതൽ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണു പുതിയ സർവീസുകൾ. ദോഹ-കൊച്ചി ചൊവ്വ, വ്യാഴം, കൊച്ചി-ദോഹ ബുധൻ വെളളി എന്നിങ്ങനെയാണു കേരളത്തിലേക്കുള്ള സർവീസുകൾ. ദോഹ-മുംബൈ ബുധൻ, വെളളി, ദോഹ-ഹൈദരാബാദ് ഞായർ, ബുധൻ ആണ് സർവീസുള്ളത്.

ഒക്‌ടോബർ 29 വരെയാണ് എയർഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതെന്നാണ് പ്രഖ്യാപനം. ഇൻഡിഗോയുടെ ദോഹ- തിരുച്ചിറപ്പള്ളി സർവീസ് ഈ മാസം ഏഴു മുതലാണ്. ഗോ ഫസ്റ്റിന്റെ ദോഹ സർവീസുകൾക്കും ഈ മാസം അഞ്ചിന് തുടക്കമാകും.

കൊച്ചി-ദോഹ വ്യാഴം, ശനി, ദോഹ-കണ്ണൂർ വെള്ളി, ഞായർ, ദോഹ-മുംബൈ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെയാണ് ഗോ ഫസ്റ്റിന്റെ സർവീസുകൾ. ദോഹയിൽ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

The number of flights from Doha to India is increasing

COMMENTS

Wordpress (0)
Disqus ( )