വലിയ ഒരു ഇടവേളക്കു ശേഷം സിഡ്നിയിൽ വീണ്ടും കോവിഡ് മരണം; 77 പുതിയ കേസുകൾ
സിഡ്നി: ഏഴു മാസത്തിനു ശേഷമാണ് സിഡ്നിയിൽ വീണ്ടും കോവിഡ് മരണം നടക്കുന്നത്. 90 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയാണ് കോവിഡ് ബാധിച്ച് ലിവർപൂൾ ആശുപത്രിയിൽ മരിച്ചത്. ഇവർക്ക് വെള്ളിയാഴ്ചയായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വാക്സിനെടുത്തിരുന്നില്ല എന്നാണ് മനസിലാക്കുന്നതെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് പറഞ്ഞു.
2020 ഡിസംബറിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരാൾ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഗ്രേറ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച പിന്നിട്ടെങ്കിലും ഡെൽറ്റ വേരിയന്റ് വൈറസിന്റെ വ്യാപനം കൂടുതൽ രൂക്ഷമാകുകയാണ്. ശനിയാഴ്ച രാത്രി വരെ 77 പേർക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ, ജൂൺ 16ന് ബോണ്ടായി ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ആകെ രോഗബാധ 566 ആയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ രോഗബാധ ഇനിയും കൂടും എന്നാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ മുന്നറിയിപ്പ് നൽകിയത്. നാളെ പുതിയ രോഗബാധ 100ന് മുകളിലേക്ക് എത്തിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ ഇനിയും നീട്ടുമെന്നും പ്രീമിയർ സൂചന നൽകിയിട്ടുണ്ട്. നിലവിൽ ജൂലൈ 16 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read പ്രവാസി മലയാളി ഓസ്‌ട്രേലിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
ഡെൽറ്റ വേരിയന്റ് ചെറുപ്പക്കാരെയും കൂടുതലായി ബാധിക്കുന്നതാണ് ആശങ്ക പടർത്തുന്ന മറ്റൊരു കാര്യം. നിലവിൽ 52 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആശുപത്രിയിലുള്ളത്. ഇതിൽ 15 പേർ ICUവിലും, അഞ്ചു പേർ വെന്റിലേറ്ററിലുമാണ്. ആശുപത്രിയിലുള്ളതിൽ 11 പേർ 35 വയസിൽ താഴെയുള്ളവരും, ആറു പേർ 25 വയസിൽ താഴെയുള്ളവരുമാണ്.
after Seven months again covid death occurs in Sydney